ശരത്ചന്ദ്രന്‍ അനുസ്മരണം

 ശരത്ചന്ദ്രന്‍ ഇല്ലാത്ത ഒരു വര്‍ഷമാണ്‌ കടന്നു പോയത്. ജപ്പാനിലെ ടെയ്ചിയിലുണ്ടായ  ആണവവികിരണത്തിന്റെ കണങ്ങള്‍ നമ്മെ തേടി എത്തിയതും ഈ വര്ഷമാണെന്നത്  യാദ്രിശ്ചികമാകാം. അതിലും എത്രയോ മാരക ശേഷിയുള്ള ഒരു ആണവ നിലയം നമ്മുടെ കൈയെത്തുന്ന അകലത്തില്‍ കന്യാകുമാരി ജില്ലയിലെ കൂടംകുളത്ത് കമ്മീഷന്‍ ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നത് പക്ഷെ യാദ്രിശ്ചികമല്ല. അതിനെക്കുറിച്ച് ആലോചനകള്‍ നടക്കുന്ന സമയം മുതല്‍ അതിനെതിരെ നമുക്കൊപ്പം മുന്‍നിരയില്‍ നിന്ന മനുഷ്യനായിരുന്നു ശരത് . ആണവവിരുദ്ധ സമരങ്ങളിലെ മുന്നണി പോരാളികളില്‍ ഒരാള്‍.

പ്രകൃതിയിലും മനുഷ്യ മനസ്സുകളിലും സൗഹൃദത്തിന്റെ പച്ചപ്പ്‌ വരളുകയും ഉഷ്മളതയുടെ ഉറവ വറ്റുകയും ചെയ്യുന്ന വര്‍ത്തമാന കാലത്തിന്റെ ഉഷരഭൂമിയില്‍ വറ്റാത്ത സ്നേഹത്തിന്റെയും ഉഷ്മളതയുടെയും നിറകുടമായിരുന്നു ശരത്ചന്ദ്രന്‍. കൂട്ടുകാര്‍ക്കിടയിലെ ബന്ധങ്ങളുടെ കണ്ണി ഊട്ടിയുറപ്പിക്കുന്ന രാസത്വരകമായിരുന്നു. കരാളമായ കാലത്തിന്റെ ക്രൂരതയില്‍ തന്നിലേക്ക് ഉള്‍വലിഞ്ഞു ഉറക്കം നടിക്കുന്ന നമുക്കിടയില്‍... അവന്‍ കണ്ണ് തുറന്നു ഉറങ്ങാതിരുന്നു. നാം കാണാന്‍ കൂട്ടാക്കാത്ത കാഴ്ചകള്‍ നമ്മെ തട്ടിയുണര്‍ത്തി അവന്‍ കാണിച്ചു തന്നു. കരിയരിസ്ടുകളായി പോവുമായിരുന്ന ഒരു പിടി ഉര്ജ്ജ്വസ്വലരായ യുവാക്കളെ ജനപക്ഷത്ത്‌ അവന്‍ ആനി നിരത്തി. നിസ്വാര്‍ഥമായ സ്നേഹം മാത്രമായിരുന്നു ശരതിന്റെ ശക്തിയും ദൌര്‍ബല്യവും.

ഏപ്രില്‍ ഒന്നാം തിയ്യതി നാം ശരത്തിനെ അനുസ്മരിക്കുന്നത് ആണവ വിരുദ്ധ പ്രതിഞ്ജ പുതുക്കിക്കൊണ്ടായിരിക്കും. മനുഷ്യനെ മാത്രമല്ല ജീവന്റെ എല്ലാ നാമ്പുകളെയും നക്കിയെടുക്കുന്ന കുത്സിത വികസനതിനെതിരെ ആവും വിധം പ്രകടനം നടത്തിക്കൊണ്ട് നാം അന്ന് ശരത്ച്ചന്ദ്രന്റെ ഓര്‍മ്മദിനം ആചരിക്കും.

വൈകീട്ട് നാലിന് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നിന്നു ആണവ വിരുദ്ധ ജന ജാഗ്രതാ റാലി ആരംഭിക്കും. തൃശൂര്‍ റൗണ്ട് ചുറ്റി 5 .30 നു സാഹിത്യ അക്കാദമിയില്‍ പ്രകടനം അവസാനിക്കും. തുടര്‍ന്ന് വൈലോപ്പിള്ളി ഹാളില്‍ ചേരുന്ന യോഗത്തില്‍ കേരളം ഇന്നഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്  ഡോ. എസ്‌. ശങ്കര്‍  പ്രഭാഷണം നടത്തും. ശരത്ച്ചന്ദ്രന്റെ സ്മരണ പുതുക്കുന്ന ഈ വേളയില്‍ എല്ലാവരും എത്തിചേരുമല്ലോ.

അനുസ്മരണ പ്രഭാഷണത്തിന് ശേഷം പ്രഥമ ശരത്ചന്ദ്രന്‍ മെമ്മോറിയല്‍ ഫിലിം ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ  മുല്ലൈതീവ് സാഗ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നു.

സംഘാടനം: വിബ്ജിയോര്‍ ചലച്ചിത്രകൂട്ടായ്മ, എന്‍.എ.പി. എം, കേരളീയം, മായ, പി.ജി. സെന്റര്‍, സഹയാത്രിക.